കോഴിക്കോട്: രാജ്യത്തുടനീളം 20,000 കിലോമീറ്ററിലേറെ ദേശീയപാതയില്‍ നെറ്റ്വര്‍ക്ക് സര്‍വേ വാഹനങ്ങള്‍ (എന്എസ്വി) വിന്യസിക്കാനൊരുങ്ങി ദേശീയപാത അഥോറിറ്റി. ദേശീയപാതകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പകല്‍ സമയം റോഡുകളിലെ ദ്വിമാന, ത്രിമാന ചിത്രങ്ങള്‍ പകര്‍ത്താനും മനുഷ്യ ഇടപെടലില്ലാതെ റോഡുകളിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ശേഷിയുള്ള ത്രിമാന ലേസര്‍ അധിഷ്ഠിത എന്എസ്വി സംവിധാനം ഉപയോഗിച്ചാണ് റോഡിന്റെ ഉപരിതല നിലവാരം സംബന്ധിച്ച സര്‍വേകള്‍ നടത്തുന്നത്.
വ്യക്തതയേറിയ 360-ഡിഗ്രി കാമറകള്‍, ഡിജിപിഎസ് (ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം), ഐഎംയു (ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്), ഡിഎംഐ (ഡിസ്റ്റന്‍സ് മെഷറിംഗ് ഇന്‍ഡിക്കേറ്റര്‍) എന്നിവ ഈ വാഹനങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
റോഡിലെ വിള്ളലുകള്‍, കുഴികള്‍, കേടുപാടുകള്‍ എന്നിവയടക്കമുള്ള വിവരങ്ങൾ ശേഖരിക്കാന്‍ ഈ വാഹനങ്ങളിലൂടെ ദേശീയപാത അഥോറിറ്റിക്കു സാധിക്കും. റോഡുകളുടെ നിലവാരത്തിലെ കുറവുകള്‍ എടുത്തുകാണിക്കുന്ന എന്എസ്വി സര്‍വേ വിവരങ്ങള്‍ ദേശീയപാതകള്‍ മികച്ച രീതിയില്‍ പരിപാലിക്കുന്നതിനാവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ദേശീയപാത അഥോറിറ്റിയെ സഹായിക്കും.